Menu

** ഫാമിലി വാട്സാപ്പ്‌ ഗ്രൂപ്പ് ** ------------------------------------------------ സുമേഷ്‌ കാവിപ്പട: നമസ്തേ ബന്ധു ജനങ്ങളേ. വല്യമ്മ: ശുഭ ദിനം സുമേഷ്‌ മോനേ. സുമേഷ്‌ കാവിപ്പട: നമസ്തേ വല്യമ്മ . വല്യമ്മ: ഈ ദിനം ശുഭ ചിന്തയോടെ തുടങ്ങാം. പ്രഷർ കുക്കറിൽ നാലു വിസിൽ ആവുമ്പോൾ ഉരുളക്കിഴങ്ങ്‌ വേവും : ആൽബർട്ട്‌ ഐൻസ്റ്റീൻ സുമേഷ്‌ കാവിപ്പട: പെൻസിൽവാലിയയിലും നമോ തരംഗം. പെൻസിൽവാലിയ വെള്ളപ്പൊക്കത്തിൽ നമോ രൂപം തെളിഞ്ഞു വരുന്നു. വീഡിയോ കാണാം കേശവൻ മാമൻ: പെപ്സിയിൽ എയിഡ്സ്‌ രോഗിയുടെ രക്തം കലർന്നു. ഇനി പെപ്സി കുടിക്കരുത്‌. മാക്സിമം ഷെയർ സുമേഷ്‌ കാവിപ്പട: ബ്രേക്കിംഗ്‌ ന്യൂസ്‌, ശബരിമലയിൽ യുവതികൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഗായത്രി അമ്മായി: അങ്ങനെയാണെങ്കിൽ ഇനി നമുക്കെല്ലാം ഒരുമിച്ച്‌ പോകാല്ലോ. പ്രസാദേട്ടൻ നമോ : സുപ്രീം കോടതി വിധി മാനിക്കുന്നു. ശ്രീധരൻ പിള്ളാജി സുമേഷ്‌ കാവിപ്പട :👏👏 പ്രസാദേട്ടൻ നമോ: വിധിയെ മാനിക്കുന്നു. സംഘം സുമേഷ്‌ കാവിപ്പട :💪💪 സുമേഷ്‌ കാവിപ്പട : വിധി നടപ്പിലാക്കും എന്ന് പിണറായി. അച്ഛൻ : അതു കൊള്ളാല്ലോ. അപ്പോൾ നമ്മളെല്ലാം ഇക്കുറി ഒരു മിനി ബസ്‌ ബുക്ക്‌ ചെയ്ത്‌ മലക്ക്‌ പോകാം മാമൻ യു എസ്‌ എ : അതെങ്ങനെ ശരിയാവും? പഴയ ആചാരങ്ങൾ മാറ്റാൻ പറ്റുമോ? അച്ഛൻ : പഴയ ആചാരങ്ങൾ മാറ്റിയതു കൊണ്ടല്ലെ നിനക്കും ഗായത്രിക്കുമൊക്കെ കടൽ കടന്ന് അമേരിക്കക്ക്‌ പോകാൻ പറ്റിയത്‌ സതേീഷേ . ചെറിയച്ചൻ: കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്കാർക്കും ശബരിമലയിൽ പോകാൻ തോന്നില്ല. പ്രിയച്ചേചി: സത്യം പറയാല്ലോ, എനിക്ക്‌ പോകണം എന്നുണ്ട്‌. വല്യമ്മ : വല്യ പരിഷ്ക്കാരികൾ, അതൊന്നും പറ്റില്ല. അശുദ്ധിയാവും. സുമേഷ്‌ കാവിപ്പട : ശബരിമലയിലെ യുവതി പ്രവേശനം എതിർക്കും : ശ്രീധരൻ പിള്ള പ്രിയച്ചേചി : ഇദ്ദേഹമല്ലേ കോടതി വിധി മാനിക്കും എന്നു അൽപം മുൻപ്‌ പറഞ്ഞത്‌ ? പ്രസാദേട്ടൻ നമോ : പിള്ളാജി ഹിന്ദു താൽപര്യം മുൻ നിർത്തി നിലപാട്‌ മാറ്റിയതാണു. സുമേഷ്‌ കാവിപ്പട: നമ്മൾ ഹിന്ദുക്കൾ ഒരു അപകടത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ എല്ലാവരും ഒന്നിച്ച്‌ നിൽക്കണം എന്നു അഭ്യർത്ഥിക്കുന്നു. പ്രസാദേട്ടൻ നമോ : വൈകുന്നേരത്തെ നാമ ജപത്തിൽ പങ്കെടുക്കുമല്ലോ, സുമേഷ്‌ കുട്ടൻ പറഞ്ഞതു പോലെ ഇനിയുള്ള കാലം നമ്മൾ ഒന്നിച്ച്‌ നിൽക്കണം. പ്രിയച്ചേചി: ഞാനില്ല. പ്രസാദേട്ടൻ തനിച്ച്‌ പോയാൽ മതി സുമേഷ്‌ കാവിപ്പട : സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ അപകടം. അമേരിക്കയിലെ ഡോക്റ്ററുടെ വീഡിയോ കാണാം പ്രിയച്ചേചി: ഇതൊക്കെ ഉള്ളതാണോ? എനിക്ക്‌ അവർ പറയുന്നത്‌ ശരിയാണു എന്നു തോന്നുന്നില്ല. വല്യമ്മ : ഇത്രയും പഠിച്ച ഡോക്റ്റർ പറയുന്നത്‌ വിശ്വസിച്ചൂടേ? സന്ദീപ്‌ കമ്മി : അവരു പറയുന്നത്‌ പൊട്ടത്തരമാണു എന്നു ഫെയിസ്ബുക്കിൽ ഡോ. നെൽസൻ ജോസഫ്‌ എഴുതിയിട്ടുണ്ട്‌. സുമേഷ്‌ കാവിപ്പട: ഓ, കമ്മികൾ ഓരൊന്നും പിടിച്ച്‌ ഇറങ്ങിത്തുടങ്ങി. കമ്മി, സുഡാപ്പി, പാതിരിമാർക്ക്‌ ഹിന്ദുക്കളുടെ ആചാരം നശിച്ച്‌ പോകുന്നത്‌ പ്രശ്നമല്ലല്ലോ. അച്ഛൻ : ഇതിൽ രാഷ്ട്രീയമൊന്നുമില്ല. പണ്ടും അവിടെ സ്ത്രീകൾ പോയിരുന്നതാണല്ലോ. സുമേഷ്‌ കാവിപ്പട: എന്നിട്ടെന്തായി അച്ഛാ? പ്രളയം വന്നില്ലേ? സുനാമി വന്നില്ലേ? അച്ഛൻ : എണീറ്റ്‌ പോടാ.. കേശവൻ മാമൻ : അഞ്ച്‌ തലയുള്ള രാജവെമ്പാലയുടെ അപൂർവ്വ ചിത്രം കാണുക സന്ദീപ്‌ കമ്മി : അത്‌ ഫോട്ടോ ഷോപ്പാ, കേശവൻ മാമാ.. പ്രിയച്ചേചി : 😄😄😄 പ്രസാദേട്ടൻ നമോ : ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സംഘം എത്തുന്നു. സുമേഷ്‌ കാവിപ്പട: സംഘം ഡാ...💪💪 സന്ദീപ്‌ കമ്മി: ശബരിമലയിലെ യുവതീ പ്രവേശനം പ്രശ്നമല്ലെന്ന് ശ്രീധരൻ പിള്ള. വീഡിയോ കാണാം. പ്രസാദേട്ടൻ നമോ : പിള്ളാജിക്ക്‌ പിന്നേം തെറ്റു പറ്റിക്കാണും. സുമേഷ്‌ കാവിപ്പട : പിള്ളാജി ഇപ്പോൾ വീണ്ടും അത്‌ തിരുത്തിയല്ലോ അച്ഛൻ : ഓരോ ദിവസവും ഓരോ അഭിപ്രായമാണോ? സുമേഷ്‌ കാവിപ്പട : അച്ഛൻ കമ്മികളെ പോലെ സംസാരിക്കരുത്‌. പിണറായി സർക്കാരിന്റെ അന്ത്യം അടുത്തു. അച്ഛൻ : കേന്ദ്ര സർക്കാറിനു ഓർഡിനൻസ്‌ ഇറക്കിക്കൂടെ? സുമേഷ്‌ കാവിപ്പട: ശോഭാജി പറഞ്ഞതു കേട്ടില്ലേ, ശബരിമല കറന്റ്‌ ലിസ്റ്റിലാണു പിണറായി സർക്കാരല്ലേ കറന്റ്‌ നൽകുന്നത്‌. പിണറായി പറയാതെ മോഡിക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല. പ്രിയച്ചേചി : കറന്റ്‌ ലിസ്റ്റല്ല, കൺകറന്റ്‌ ലിസ്റ്റ്‌. വെറുതെ മണ്ടത്തരം പറയരുത്‌. സുമേഷ്‌ കാവിപ്പട: ചേച്ചി ഈയിടെയായി ഫെമിനിച്ചിയാവാൻ നടക്കുകയാണോ? കേശവൻ മാമൻ : നാളെ രാത്രി കോസ്മിക്‌ രശ്മികൾ ഭൂമിയിലെത്തുന്നു. സംശയമുള്ളവർ ബി ബി സി വെച്ചു നോക്കു. ഇത്‌ നാസയിൽ നിന്നുള്ള അറിയിപ്പ്‌. അച്ചൻ : സുമേഷേ, ഞാൻ അമ്മയേയും പ്രിയയേയും കൊണ്ട്‌ വനിതാ മതിലിനു പോകുന്നു. വീടിന്റെ ചാവി ഷൂ റാക്കിന്റെ അടിയിലുണ്ട്‌ സന്ദീപ്‌ കമ്മി : 😍😍 ഗായത്രി അമ്മായി: 👍👍സെൽഫി ഇടണേ. പ്രസാദേട്ടൻ നമോ : ഇതൊന്നും അത്ര നല്ലതിനല്ല. മതിൽ പൊളിയും. സുമേഷ്‌ കാവിപ്പട : അച്ഛനിൽ നിന്ന് ഞാൻ ഇത്‌ പ്രതീക്ഷിച്ചില്ല. അച്ഛൻ : ഒന്നു പോട അവിടുന്ന്. കുത്തിത്തിരുപ്പുണ്ടാക്കി നാടു കത്തിക്കാൻ ഞങ്ങളില്ല. ചെറിയച്ചൻ : ബിന്ദുവും പോയിട്ടുണ്ട്‌. കലികാലം അത്ര തന്നെ. കേശവൻ മാമൻ : ഭീമസേനന്റെ കൂറ്റൻ ഗദ കണ്ടെടുത്തു. ചിത്രം കാണാം. പ്രിയച്ചേചി : ശബരിമലയിൽ രണ്ട്‌ യുവതികൾ പ്രവേശനം നടത്തിയെന്ന് ഏഷ്യാനെറ്റ്‌. സുമേഷ്‌ കാവിപ്പട : ഞാൻ വിശ്വസിക്കില്ല. സംഘത്തിന്റെ കാവലിൽ പിണറായിക്ക്‌ ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ജനം ടി വിയിൽ വരട്ടേ. പ്രസാദേട്ടൻ നമോ : കുട്ടാ... ആചാര ലംഘനം നടന്നു എന്നാണു ജനം ടി വിയും പറയുന്നത്‌. സുമേഷ്‌ കാവിപ്പട : അപ്പോൾ സംഘം? പ്രസാദേട്ടൻ നമോ : സംഘം മതിലിന്റെ പടം എടുക്കാൻ പോയിട്ടുണ്ടാവും. സുമേഷ്‌ കാവിപ്പട : നാളെ ഹർത്താൽ. ഞാനും ഇറങ്ങുന്നു പ്രതിഷേധിക്കാൻ. ഇനി മിണ്ടാതിരുന്നിട്ട്‌ കാര്യമില്ല. പ്രസാദേട്ടൻ വരൂ.. അച്ഛൻ : അടിപിടി ഉണ്ടാക്കി സ്റ്റേഷനിൽ കയറിയാൽ ഇറക്കാൻ ഞാൻ വരില്ല, പറഞ്ഞേക്കാം സുമേഷ്‌ കാവിപ്പട : മറാത്ത വീര സിംഹം ശിവജിയുടെ പിൻ മുറക്കാരായ ഹിന്ദുക്കളാണു നമ്മൾ. അച്ഛൻ നിരീശ്വരവാദികളായ കമ്മികളുടെ കൂടെ നടക്ക്‌. കേശവൻ മാമൻ : കാൻസറിനെ പ്രതിരോധിക്കാൻ ചക്ക. മരുന്നു ലോബിക്കു വേണ്ടി ഈ വാർത്ത നമ്മുടെ മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു. അച്ഛൻ :പ്രസാദേ, സുമേഷ്‌ വിളിച്ചിരുന്നോ? രാവിലെ ഹർത്താൽ വിജയിപ്പിക്കാൻ പോയിട്ട്‌ ഇതു വരെ വന്നില്ല. പ്രസാദേട്ടൻ നമോ: എന്റെ ബൈക്കും എടുത്താ പോയത്‌. ഞാൻ വിളിച്ചിട്ട്‌ കിട്ടിയില്ല. സുമേഷ്‌ കാവിപ്പട : പ്രസാദേട്ടാ, ബൈക്ക്‌ സ്റ്റേഷനിലാണു. ഹർത്താലിനു പോയവരെ നാട്ടാരു വളഞ്ഞ്‌ തല്ലി.ചേട്ടൻ പോയി ബൈക്ക്‌ ഒന്നു എടുക്കുമോ? ഞാൻ കൂട്ടുകാരന്റെ വീട്ടിലുണ്ട്‌. പുറത്തിറങ്ങാൻ പറ്റില്ല. പ്രസാദേട്ടൻ നമോ: പോടാ.. എന്നിട്ട്‌ വേണം എന്നെ പിടിച്ച്‌ അകത്തിടാൻ. ബൈക്കും കൊണ്ട്‌ ഇങ്ങട്‌ വന്നാൽ മതി. സുമേഷ്‌ കാവിപ്പട : അങ്ങനെ പറയല്ലേ പ്രസാദേട്ടാ.. അച്ഛൻ : പ്രസാദിന്റെ ബൈക്ക്‌ കൊടുത്തിട്ട്‌ വീട്ടിൽ കയറിയാൽ മതി. അവന്റെ ഒരു കാവിപ്പട.. കേശവൻ മാമൻ : വാട്ട്സ്‌ അപ്പിന്റെ എറ്റവും പുതിയ ഫീച്ചർ. ഇനി നിങ്ങൾ Exit Group അടിച്ചാലും ഗൂപ്പിൽ നിന്ന് പോകില്ല. സുമേഷ്‌ കാവിപ്പട left the group. #currentaffairs Credits: Minesh Ramanunni ©ICU